എനർജി ഡ്രിങ്ക്സ് പതിവായി കഴിക്കുന്നവരാണോ?, ചെറുപ്പക്കാരിൽ ഹൃദയാഘാത സാധ്യത ഉയർത്തുമെന്ന് പഠനം
ഹൃദയാഘാത സാധ്യത യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ യുവാക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന ഹൃദയാഘാതങ്ങള്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് നടത്തിയ പഠനത്തില്‍ കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകളും ഉത്തേജക സപ്ലിമെന്റുകളും ചെറുപ്പക്കാരില്‍ കാര്‍ഡിയാക് അറസ്റ്റ്, ഹൃദയാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
നവംബറില്‍ ചിക്കാഗോയില്‍ നടക്കുന്ന അമെരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സിലാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ അവതരിപ്പിക്കുന്നത്.
35 വയസ്സില്‍ താഴെയുള്ള യുവാക്കളിലാണ് ഊര്‍ജ്ജ പാനീയങ്ങള്‍ മൂലമുള്ള ഹൃദയാഘാത സാധ്യതയും ഹൃദയസ്തംഭന സാധ്യതയും ക്രമാതീതമായി ഉയരുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ വിര്‍ജീനിയ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.
2017നും 2025നും ഇടയില്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ലഭിച്ച 28,345 റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഇതില്‍ 854 എണ്ണം കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകളോ ഉത്തേജക സപ്ലിമെന്റുകളോ ആയി ബന്ധപ്പെട്ടുള്ളതായിരുന്നു. നെഞ്ചിടിപ്പ്, നെഞ്ചുവേദന, ബോധക്ഷയം എന്നീ പ്രശ്നങ്ങളുമായി എത്തുന്ന യുവാക്കളോട് അവര്‍ പതിവായി ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചറിയണമെന്നും ഗവേഷകര്‍ പറയുന്നു.
എനര്‍ജി ഡ്രിങ്കുകളില്‍ കഫീനും പഞ്ചസാരയ്ക്കുമൊപ്പം ടോറിന്, ഗ്വാറാന,എല്‍ കാര്ണിറ്റൈല് പോലുള്ള ഉത്തേജകങ്ങളും അടങ്ങിയിട്ടുന്റ്. കഫീനൊപ്പം ഒരു പാനീയത്തില്‍ ഒന്നിലധികം ഉത്തേജകങ്ങളുള്ളതാകാം അപകടങ്ങള്‍ക്ക് കാരണം. മധുരവും രുചിയും ഉള്ളതിനാല്‍ ഇവ അഡിക്ഷനുണ്ടാക്കാനും സാധ്യതയേറെയാണ്.എനര്‍ജി ഡ്രിങ്കുകളുടെ ദീര്‍ഘകാല ഉപയോഗം കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാം. ഉയര്‍ന്ന തോതിലുള്ള കഫീന്റെയും മറ്റ് രാസവസ്തുക്കളുറ്റെയും സാന്നിധ്യം ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ഉയര്‍ത്തും. പ്രമേഹനില വര്‍ധിപ്പിക്കാനും ഇവ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിനാല്‍ തന്നെ അമിതവണ്ണത്തിനും ഇവ കാരണമാകും.
