ട്രിപ്പിൾ സെഞ്ചുറിക്ക് അരികെ വീണ് ഇഷാൻ കിഷൻ; ഈസ്റ്റ് സോൺ 708 റൺസ് !
Ishan Kishan
നായകൻ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറി കരുത്തിൽ ദുലീപ് ട്രോഫി ക്രിക്കറ്റിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോൺ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്‌സിൽ ഈസ്റ്റ് സോൺ 708 റൺസിന് ഓൾഔട്ടായി.
ഇഷാന്റെ ബാറ്റിങ്
അഞ്ചാമനായി ക്രീസിലെത്തിയ ഇഷാൻ കിഷൻ 334 പന്തിൽ 30 ഫോറും ഏഴ് സിക്‌സും സഹിതം 270 റൺസ് നേടി. ട്രിപ്പിൾ സെഞ്ചുറിക്ക് 30 റൺസ് അകലെയാണ് താരം പുറത്തായത്.
തിളങ്ങി കുശാഗ്രയും മോഹനും അഭിമന്യുവും
ഈസ്റ്റ് സോണിനായി കുമാർ കുശാഗ്ര സെഞ്ചുറി നേടി. 132 പന്തിൽ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതം 101 റൺസെടുത്താണ് കുശാഗ്ര പുറത്തായത്. ശിഖർ മോഹനും അഭിമന്യു ഈശ്വരനും അർധ സെഞ്ചുറി നേടി. അഭിമന്യു 86 പന്തിൽ 72 റൺസും ശിഖർ മോഹൻ 120 പന്തിൽ 85 റൺസുമെടുത്തു. വൈഭവ് സൂര്യവൻശി (37 പന്തിൽ 44), അനുകുൽ റോയ് (98 പന്തിൽ 45) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
സൗത്ത് സോൺ
തിലക് വർമ നയിക്കുന്ന സൗത്ത് സോണിനായി ത്രിപുരാണ വിജയ് നാല് വിക്കറ്റ് വീഴ്ത്തി. ചാമ വി മിലിന്ദിനും ശ്രേയസ് ഗോപാലിനും രണ്ട് വീതം വിക്കറ്റുകൾ. മുഹമ്മദ് സിറാജ് വിക്കറ്റൊന്നും വീഴ്ത്താതെ നിരാശപ്പെടുത്തി.