ആദ്യ ബന്ധം തകർന്ന സമയത്താണ് മുകേഷ് ജീവിതത്തിലേക്ക് കടന്നുവരുന്നത്; സരിതയുടെ വിവാഹവും ഡിവോഴ്‌സും !
Saritha and Mukesh
മലയാള സിനിമാലോകം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു അഭിനേതാക്കളായ മുകേഷിന്റെയും സരിതയുടെയും. തമിഴിലും കന്നഡയിലും മലയാളത്തിലുമായി അന്ന് സരിത തിളങ്ങി നിൽക്കുകയായിരുന്നു. കമൽഹാസനുമായി ഒന്നിച്ചഭിനയിച്ച സരിത അതിവേഗമാണ് മലയാളികളുടെ പ്രിയപ്പെട്ട നായികയായത്. പിന്നീട് നടൻ മുകേഷുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ സരിതയുമായി ബന്ധപ്പെട്ട വാർത്തകൾ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി.
സിനിമയിൽ സജീവമാകുന്നതിനു മുൻപ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത. പതിനാറ് വയസ്സുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ ആദ്യ ഭർത്താവ്. ഈ ദാമ്പത്യത്തിനു വെറും ആറ് മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടർന്ന് വെങ്കട സുബ്ബയ്യയും സരിതയും വേർപിരിഞ്ഞു. ആദ്യ വിവാഹബന്ധം തകർന്നത് സരിതയെ മാനസികമായി ഏറെ തളർത്തിയിരുന്നു. ഈ മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷ നേടാൻ സരിത സിനിമയിൽ വളരെ സജീവമായി.
എൺപതുകളുടെ തുടക്കത്തിലാണ് മുകേഷ് സിനിമയിലെത്തുന്നത്. 1982 ൽ ബലൂൺ എന്ന സിനിമയിൽ മുകേഷ് നായകനായി. പിന്നീട് മോഹൻലാലിനൊപ്പം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. പിസി 369 എന്ന സിനിമയിലൂടെയാണ് മുകേഷും സരിതയും തമ്മിൽ അടുപ്പത്തിലാകുന്നത്. ആദ്യമൊക്കെ ഇരുവരും തമ്മിൽ നല്ല സൗഹൃദമായിരുന്നു. പിന്നീട് അത് കടുത്ത പ്രണയമായി. തനിയാവർത്തനം എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഭാര്യയായി സരിതയും മമ്മൂട്ടിയുടെ അനിയനായി മുകേഷും ഒന്നിച്ചഭിനയിച്ചു. ഈ സിനിമയുടെ സെറ്റിലാണ് മുകേഷും സരിതയുമായുള്ള പ്രണയം തീവ്രതയിലേക്ക് എത്തിയത്. മമ്മൂട്ടിയും ഈ പ്രണയത്തിനു സാക്ഷിയാണ്. ഒടുവിൽ മുകേഷും സരിതയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇരുവരുടെയും പ്രണയവും വിവാഹവും തെന്നിന്ത്യൻ സിനിമാലോകം വലിയ ആഘോഷമാക്കി.
മുകേഷുമായുള്ള വിവാഹശേഷം സരിത സിനിമയിൽ അത്ര സജീവമല്ലായിരുന്നു. സരിത കുടുംബിനിയായി ഒതുങ്ങികൂടി എന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇരുവരുടെയും കുടുംബജീവിതം വളരെ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് ആരാധകരും കരുതി. മുകേഷിനും സരിതയ്ക്കും രണ്ട് ആൺമക്കളുമുണ്ടായി.
1987 ലാണ് മുകേഷ് സരിതയെ വിവാഹം കഴിച്ചത്. ഏതാണ്ട് 30 വർഷത്തിനുശേഷം ഇവരുടെ കുടുംബത്തിലെ താളപിഴകൾ പുറംലോകമറിഞ്ഞു. മുകേഷിൽ നിന്ന് സരിത വിവാഹമോചനം ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ അക്കാലത്ത് സരിത ഉന്നയിച്ചത്. തന്റെ കരിയർ മുകേഷ് നശിപ്പിച്ചെന്നും പലപ്പോഴും ശാരീരികമായി പോലും തന്നെ മർദിച്ചിട്ടുണ്ടെന്നും അന്ന് സരിത ആരോപിച്ചിരുന്നു. ഒടുവിൽ ഇരുവരും നിയമപരമായി ബന്ധം വേർപ്പെടുത്തി. സരിത ഉന്നയിച്ച ആരോപണങ്ങളോടൊന്നും മുകേഷ് അക്കാലത്ത് കാര്യമായി പ്രതികരിക്കുക പോലും ചെയ്തിരുന്നില്ല. Also Read: 'ഒറ്റയാൾ ഭരണം, സഹികെട്ടു'; സതീശനെതിരെ വീണ്ടും പരാതിയുമായി അടൂർ പ്രകാശ്
