സോണിയാഗാന്ധിയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകർ, നവംബർ 10ന് ഇന്ത്യൻ പതിപ്പിറങ്ങും
നേരത്തെ പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്മാറിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ് : എ ജേര്‍ണി ഓഫ് ലവ് ഇന്ത്യയില്‍ ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കും. നവംബര്‍ 10ന് നടക്കുന്ന ചടങ്ങില്‍ പുസ്തകം പുറത്തിറക്കുമെന്ന് പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് അറിയിച്ചു. നേരത്തെ പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്മാറിയിരുന്നു.
പബ്ലിഷിങ്ങില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്മാറിയതോടെയാണ് ഹാര്‍പ്പര്‍ കോളിന്‍സ് പുസ്തക പ്രസാധനത്തിന് തയ്യാറായത്. പഴയ കവര്‍ പേജില്‍ മാറ്റമില്ലാതെയാകും പുസ്തകം പ്രസിദ്ധീകരിക്കുക.വ്യക്തിപരവും രാഷ്ട്രീയപരവുമായ സംഭവങ്ങള്‍ ഇഴചേര്‍ത്തുകൊണ്ട് അത്ഭുതകരവും സമൃദ്ധവുമായ ഓര്‍മക്കുറിപ്പാണ് പുസ്തകമെന്നാണ് ഹാര്‍പ്പര്‍ കോളിന്‍സ് പുസ്തകത്തെ വിശേഷിപ്പിച്ചത്.
നേരത്തെ പുസ്തകത്തിലെ ചില ഭാഗങ്ങളില്‍ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന പെന്‍ഗ്വിന്‍ ബുക്ക്‌സിന്റെ ആവശ്യം സോണിയാഗാന്ധി നിരസിച്ചിരുന്നു. ഇതോടെയാണ് പെന്‍ഗ്വിന്‍ പ്രസാധനത്തില്‍ നിന്നും പിന്മാറിയത്.