ഗംഭീർ പറഞ്ഞത് ശരിയാണ്, ബാറ്റിംഗ് മെച്ചപ്പെട്ടേ മതിയാകു: ഇന്ത്യൻ കോച്ചിനെ പൂർണമായി പിന്തുണച്ച് രവി ശാസ്ത്രി
ബാറ്റര്‍മാര്‍ പെട്ടെന്ന് വിക്കറ്റുകള്‍ വലിച്ചെറിയുന്നത് ആശങ്കാജനകമാണെന്നും നാലാം ഏകദിനത്തിന് ശേഷം ഗംഭീര്‍ തുറന്നടിച്ചിരുന്നു.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന്റെ ബാറ്റിംഗ് പ്രകടനത്തെ വിമര്‍ശിച്ചെത്തിയ മുഖ്യ പരിശീലകന് ഗൗതം ഗംഭീറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ന്യൂസിലന്‍ഡിനെതിരായ പരമ്പര സ്വന്തമാക്കാനായെങ്കിലും നാലാം ഏകദിനത്തില്‍ ഇന്ത്യ 89 റണ്‍സിന് പുറത്താവുകയും 244 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ബാറ്റിംഗ് പ്രകടനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ഗംഭീര്‍ പ്രതികരിച്ചത്.
ന്യൂസീലന്‍ഡിലെ സ്വിംഗും സീമും ലഭിക്കുന്ന പിച്ചുകള്‍ 2027 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയില്‍ നേരിടാന്‍ പോകുന്ന സാഹചര്യങ്ങളോട് ഏറെ സാമ്യമുള്ളതാണെന്നും, ബാറ്റര്‍മാര്‍ പെട്ടെന്ന് വിക്കറ്റുകള്‍ വലിച്ചെറിയുന്നത് ആശങ്കാജനകമാണെന്നും നാലാം ഏകദിനത്തിന് ശേഷം ഗംഭീര്‍ തുറന്നടിച്ചിരുന്നു. ഇതിനെ പിന്തുണച്ചുകൊണ്ടാണ് രവി ശാസ്ത്രിയുടെ പ്രതികരണം. എല്ലാ മത്സരങ്ങളിലും 300-320 റണ്‍സ് ലക്ഷ്യമിടാന്‍ സാധിക്കില്ല. ബൗളര്‍മാര്‍ക്ക് ആനുകൂല്യമുള്ള പിച്ചുകളില്‍ പിടിച്ചുനിന്ന് കളിച്ചാല്‍ 260-270 റണ്‍സ് പോലും വിജയലക്ഷ്യമായി മാറുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
