ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ ഇട്ടാൽ മതിയോ?
ദിവസവും ധാരാളം വെള്ളം കുടിക്കുക. ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണം
വേനൽക്കാലത്ത് പലരും നേരിടുന്ന വെല്ലുവിളിയാണ് ചൂടുകുരു. പുറത്തും കഴുത്തിലും കൈകളിലുമൊക്കെ ചൂടുകുരു അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ചൂടുകുരുവിൽ നിന്ന് ആശ്വാസം ലഭിക്കാൻ ദേഹത്ത് പൗഡർ ഇടുന്നവരാണോ നിങ്ങൾ? എങ്കിൽ അങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.
വിയർപ്പ് ഗ്രന്ഥികളുടെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുമ്പോൾ വിയർപ്പ് ഗ്രന്ഥി കുഴലുകൾ പൊട്ടുകയും വിയർപ്പ് ചർമത്തിലേക്ക് ഇറങ്ങി കുരുക്കൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരം ചൂടുകുരുവിൽ സാധാരണയായി ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ക്രീമുകൾ, എണ്ണ, പൗഡർ എന്നിവ വിയർപ്പ് ഗ്രന്ഥി കുഴലുകളിൽ കൂടുതൽ തടസമുണ്ടാക്കും. പൗഡർ ഇട്ടാൽ ചൂടുകുരുവിന്റെ ചൊറിച്ചിലിനു അൽപ്പം ആശ്വാസം ലഭിച്ചേക്കാം. അല്ലാതെ ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ കൊണ്ട് സാധിക്കില്ല.
ചൂടുകുരു ഉള്ളപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദിവസവും ധാരാളം വെള്ളം കുടിക്കുക. ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണം.
ശരീരത്തിൽ ചൂട് വർധിപ്പിക്കുന്ന പോളിസ്റ്റർ അടക്കമുള്ള സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക.
സോപ്പ് ഉപയോഗിക്കാതെ ഇടയ്ക്കിടെ ശരീരം കഴുകുക.
കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക, തോർത്തു കൊണ്ട് ശക്തമായ ഉരസരുത്
ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മരുന്നുകൾ ദേഹത്ത് പുരട്ടുക
ഇലക്കറികളും ഫ്രൂട്ട്സും ധാരാളം കഴിക്കണം
ശരീരത്തെ തണുപ്പിക്കുന്ന തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ ശീലമാക്കുക
ചൂടുകുരു ഉള്ള സ്ഥലങ്ങളിൽ ചൊറിയരുത്
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള വെയിൽ കൊള്ളാതെ സൂക്ഷിക്കുക