ഇറാന് യുദ്ധം: അമേരിക്ക, ഇസ്രായേല്‍, ഏഴ് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഉന്നത സൈനിക മേധാവികള്‍ രഹസ്യയോഗം ചേര്‍ന്നു
ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചും മധ്യപൂര്‍വേഷ്യയിലെ വിശാലമായ സുരക്ഷാ സംഘര്‍ഷങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്ക, ഇസ്രായേല്‍, ഏഴ് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക കമാന്‍ഡര്‍മാര്‍ കഴിഞ്ഞ ആഴ്ച ജര്‍മ്മനിയില്‍ രഹസ്യയോഗം ചേര്‍ന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ സംഘടിപ്പിച്ച ഈ കൂടിക്കാഴ്ചയെക്കുറിച്ച് ബന്ധപ്പെട്ട രാജ്യങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ലെന്ന് രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായുള്ള സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ യോഗമായിരുന്നു ഇത്. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗം ഏറെ ശ്രദ്ധേയമായിരുന്നു. കാരണം ഇതില്‍ പങ്കെടുത്ത ചില അറബ് രാജ്യങ്ങള്‍ക്ക് ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെങ്കിലും അവരെല്ലാം ഒരേ വേദിയില്‍ ഒന്നിച്ചിരുന്നു.
മധ്യപൂര്‍വ്വേഷ്യയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി എട്ട് രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ജര്‍മ്മനിയില്‍ വെച്ച് സ്വീകരിച്ചതായി സെന്റകോം പിന്നീട് സ്ഥിരീകരിച്ചു. അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെ ഇറാന് ആക്രമണങ്ങള്‍ ഉണ്ടായിട്ടും മേഖലയില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്ന് കൂപ്പര്‍ സൈനിക കമാന്‍ഡര്‍മാര്‍ക്ക് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.