അന്‍സിബ ഹസ്സന്റെ പരാതി; ടിനി ടോമിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിനുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസെടുത്തത്.
ടിനി ടോമിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടപടി വൈകുന്നതായി ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ടിനി ടോമിനെതിരെ കേസെടുത്തത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിനായി ആദ്യമായി വിളിപ്പിച്ചപ്പോള്‍ തന്നെ അധികൃതര്‍ക്ക് മുന്നില്‍ ഹാജരായിരുന്നെന്നും ചൂണ്ടിക്കാട്ടി ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തുടര്‍ന്ന് കോടതി ഈ അപേക്ഷ അംഗീകരിച്ചു.