'ആവശ്യപ്പെട്ട എല്ലാ രേഖകളും ഓഗസ്റ്റ് 10നകം ഉദ്യോഗാര്‍ത്ഥിക്ക് കൈമാറുക'; പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിന് പി.എസ്.സി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥിക്ക് തങ്ങളുടെ ഉത്തരക്കടലാസുകളുടെ പകര്‍പ്പുകളും അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്കും പരിശോധിക്കാനുള്ള അവസരം നിഷേധിക്കുന്നത് തികച്ചും ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിപ്പിലൂടെ വ്യക്തമാക്കി.
വിവരങ്ങള്‍ നല്‍കാനുള്ള ഉത്തരവ് മനഃപൂര്‍വ്വം തടസ്സപ്പെടുത്തുന്നുവെന്നും ഇത് വിവരാവകാശ നിയമത്തോടുള്ള (RTI) വെല്ലുവിളിയാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഗൗരവകരമായി കാണുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കുകയാണെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഓഗസ്റ്റ് 10-നകം ഉദ്യോഗാര്‍ത്ഥിക്ക് നല്‍കണമെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പി.എസ്.സി.ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.