പവർക്കട്ട് അര മണിക്കൂറല്ലെ ഉള്ളു, സർജറി അത് കഴിഞ്ഞാവമല്ലോ, മൊബൈൽ വെട്ടത്തിൽ മുറിവ് കെട്ടിയതിൽ ആരോഗ്യമന്ത്രി
പാലോട് സിഎച്ച്‌സിയില്‍ മുറിവേറ്റ് വന്ന രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച വന്നെന്ന പരാതിയില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലായിരുന്നുവെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പവര്‍കട്ടുണ്ടെങ്കില്‍ സര്‍ജറി നടത്തരുത്, അതിന് ശേഷം നടത്തണം, ആശുപത്രിയില്‍ ജനറേറ്റര്‍ വര്‍ക്ക് ചെയ്യുന്നില്ല എന്നതെല്ലാം നേരത്തെ ശ്രദ്ധിക്കണമായിരുന്നു. ഡിഎച്ച്എസിനോട് ഇക്കാര്യം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ഇന്നത്തെ സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണ്ടി വന്നു. വൈദ്യുതി മന്ത്രി നേരത്തെ പറഞ്ഞതാണ്. എന്നാല്‍ അക്കാര്യം കൊണ്ട് ആശുപത്രിയിലെ കാര്യങ്ങള്‍ മുടങ്ങാന്‍ പാടില്ല. പവര്‍ക്കട്ട് ഉണ്ടെങ്കില്‍ സര്‍ജറി നടത്തരുത്. പവര്‍ക്കട്ട് അര മണിക്കൂറല്ലെ ഉള്ളു. അത് കഴിഞ്ഞ് സര്‍ജറി ആകാമല്ലൊ, അല്ലെങ്കില്‍ ആശുപത്രിയില്‍ ജനറേറ്റര്‍ വാങ്ങിവെയ്ക്കണം. ഇത് രണ്ടും ചെയ്യാതെ അലംഭാവം കാണിച്ചെങ്കില്‍ നടപടിയെടുക്കും. മന്ത്രി പറഞ്ഞു.