എൽഡിസിക്ക് ഇനി യോഗ്യത പ്ലസ് ടു?, ശമ്പള സ്കെയിലും ഉയരും: മാറ്റം വരുത്താൻ പിഎസ്സി
സര്‍ക്കാര്‍ സര്‍വീസിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയുടെ അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയില്‍ നിന്നും പ്ലസ് ടുവാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ച് പിഎസ്സി. പിഎസ്സിയുടെ അടുത്ത വിജ്ഞാപനം മുതല്‍ പുതിയ യോഗൂത നിലവില്‍ വരുമെന്നാണ് സൂചന. ഇതിനായി വിവിധ വകുപ്പുകളിലെ സ്‌പെഷ്യല്‍ റൂളുകളില്‍ ഭേദഗതി വരുത്തിവരികയാണ്.
2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് എല്‍ഡിസി യോഗ്യത പ്ലസ് ടുവാക്കി ഉയര്‍ത്തിയത്. എന്നാല്‍ അന്ന് എസ്എസ്എല്‍സി യോഗ്യതയിലുള്ള റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരുന്നു. നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കപ്പെടുമെന്നുള്ള സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നതിനാല്‍ അന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിനെ ബാധിക്കാത്ത രീതിയില്‍ അടുത്ത വിജ്ഞാപനം മുതല്‍ മാറ്റം നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം.
യോഗ്യത പ്ലസ്ടുവാക്കുന്നതോടെ ശമ്പള സ്‌കെയിലിലും വര്‍ധനവുണ്ടാകും. നിലവിലെ 26,500 -60,700 സ്‌കെയില്‍ 31,100 -66,800 രൂപയായി ഉയരും. എല്‍ഡിസി തസ്തികകള്‍ ഏറ്റവും കൂടുതലുള്ള റവന്യൂ വകുപ്പില്‍ ചട്ടഭേദഗതി നടപടികള്‍ സജീവമാക്കിയിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ് തസ്തികയിലെ ചട്ടങ്ങളും പരിശോധിച്ച് വരികയാണ്.
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയുടെ യോഗ്യതാ മാനദണ്ഡങ്ങളിലും ഉടന്‍ മാറ്റം വരും. നിലവില്‍ ബിരുദമാണ് യോഗ്യതയെങ്കില്‍ ഇനി മുതല്‍ ബിരുദത്തിന് മിനിമം മാര്‍ക്കും അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഡിപ്ലോമയും നിര്‍ബന്ധമാക്കും.
