'ഒറ്റയാൾ ഭരണം, സഹികെട്ടു'; സതീശനെതിരെ വീണ്ടും പരാതിയുമായി അടൂർ പ്രകാശ്
VD Satheesan and Adoor Prakash
മുഖ്യമന്ത്രി വി.ഡി.സതീശന്റെ 'സൂപ്പർ പവർ' ഭരണത്തിനെതിരെ കോൺഗ്രസിൽ മുറുമുറുപ്പ്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സതീശനെതിരെ കടുപ്പിക്കുകയാണ്. മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് സതീശൻ പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നതെന്നും യുഡിഎഫ് കൺവീനർ ആയ തനിക്ക് യാതൊരു വിലയും നൽകുന്നില്ലെന്നുമാണ് അടൂർ പ്രകാശിന്റെ പരാതി.
കൂട്ടുത്തരവാദിത്തമില്ല !
യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്നാണ് അടൂർ പ്രകാശിന്റെ വിമർശനം. മറ്റു മന്ത്രിമാർക്ക് മുഖ്യമന്ത്രി പ്രാധാന്യം നൽകുന്നില്ല. പല വകുപ്പുകളിലും വകുപ്പ് മന്ത്രിയെ അറിയിക്കാതെ നിർണായക തീരുമാനങ്ങളെടുക്കുന്നത് മുഖ്യമന്ത്രിയാണ്. ഹൈക്കമാൻഡിന് വഴങ്ങാൻ പോലും സതീശൻ തയ്യാറാവാത്തത് ധിക്കാരമാണെന്നും അടൂർ പ്രകാശിന് വിമർശനമുണ്ട്.
നീക്കങ്ങളുമായി വേണുഗോപാൽ
സതീശനെതിരായ അതൃപ്തിയെ രാഷ്ട്രീയ ആയുധമാക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തുടക്കം മുതലേ അടൂർ പ്രകാശ് കെസി പക്ഷത്ത് ഉറച്ച് നിൽക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനങ്ങൾ ആകാമെന്ന് കെസിയാണ് അടൂർ പ്രകാശിന് നിർദേശം നൽകിയത്. വേണുഗോപാലിന്റെ അനുമതിയോടെയാണ് അടൂർ പ്രകാശിന്റെ വാർത്താസമ്മേളനങ്ങൾ. സതീശനുമായി ഇടഞ്ഞുനിൽക്കുന്ന സണ്ണി ജോസഫിനെ തന്റെ പക്ഷത്തേക്ക് കൊണ്ടുവരാനും വേണുഗോപാൽ കരുക്കൾ നീക്കുന്നു. സതീശനെതിരെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കെ.സി.വേണുഗോപാൽ പക്ഷം പരാതി നൽകിയേക്കും. Also Read: 'ഞാൻ ഒന്നും അറിയുന്നില്ല'; പൊട്ടിത്തെറിച്ച് സണ്ണി ജോസഫ്, ഒപ്പം കൂട്ടി വേണുഗോപാൽ
