വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് വിഷബാധ; ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി സുധീര്‍ (40) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 30-നാണ് മത്സ്യം കഴിച്ചതിനെ തുടര്‍ന്ന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുധീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
27 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം: 17-കാരന്‍ ഗുരുതരാവസ്ഥയില്‍
വര്‍ക്കല വെട്ടൂര്‍ മേഖലയില്‍ വിറ്റ വറ്റ മത്സ്യം കഴിച്ച 27-ഓളം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. വിഷബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായ ചിലക്കൂര്‍ സ്വദേശിയായ 17 വയസ്സുകാരന്‍ ഹാഷിം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തീരദേശ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വറ്റ മത്സ്യത്തിന്റെ വന്‍ ചാകരയുണ്ടായിരുന്നു. വിപണിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മത്സ്യം വാങ്ങി ഉപയോഗിച്ച പ്രാദേശികവാസികള്‍ക്കാണ് വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
സംഭവം വിവാദമായതോടെ വെട്ടൂര്‍ മേഖലയിലെ വറ്റ മത്സ്യത്തിന്റെ വില്‍പ്പന പ്രാദേശിക ഭരണകൂടം പൂര്‍ണ്ണമായി നിര്‍ത്തിവെപ്പിച്ചിരുന്നു. പൊതുജനങ്ങള്‍ മത്സ്യം വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തുന്നവ മാത്രം ഉപയോഗിക്കണമെന്നും നഗരസഭയും ജില്ലാ മെഡിക്കല്‍ ഓഫീസറും (DMO) കര്‍ശന മുന്നറിയിപ്പ് നല്‍കി. ശേഖരിച്ച മലിനമായ മത്സ്യത്തിന്റെ സാമ്പിളുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
