അയ്യേ നാണക്കേട്, യൂറോപ്യൻ പര്യടനത്തിൽ ഇന്ത്യൻ ബാഡ്മിൻ്റൺ താരങ്ങൾ മത്സരിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ട്!
ജര്‍മനിയില്‍ നടന്ന ഹൈലോ ഓപ്പണില്‍ പി വി സിന്ധുവും ലക്ഷ്യാസെന്നും സിംഗിള്‍സ് കിരീടനേട്ടം സ്വന്തമാക്കിയത് സ്വന്തം ചിലവില്‍ മത്സരിച്ചെന്ന് റിപ്പോര്‍ട്ട്. ഫിന്‍ലന്‍ഡ്, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലായി നടന്ന 4 ടൂര്‍ണമെന്റുകള്‍ അടങ്ങുന്ന യൂറോപ്യന്‍ പര്യടനത്തിന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കളിക്കാര്‍ നേരിട്ടത്.
ഒക്റ്റൊബര് ആറിന് ഫിന്‍ലന്‍ഡിലെ വാന്റായില് ആര്‍ട്ടിക് ഓപ്പണ്‍ ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഫണ്ട് അനുവദിക്കില്ലെന്ന തീരുമാനം കളിക്കാരെ അറിയിച്ചത്. ഇതോടെ വിമാനയാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചിലവുകളെല്ലാം കളിക്കാര്‍ സ്വന്തമായി വഹിക്കേണ്ട നിലയിലായി. ആദ്യ ടൊരൊണമെന്റില് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ താമസം ക്രമീകരിച്ചെങ്കിലും മറ്റ് മത്സരങ്ങള്‍ക്കെല്ലാം താരങ്ങള്‍ തന്നെ പണം കണ്ടെത്തേണ്ടതായി വന്നു.
ഫണ്ടിംഗ് പ്രതിസന്ധി നേരിട്ടതോടെ പല താരങ്ങള്‍ക്കും പരിശീലകരെ അടക്കമുള്ളവരെ ഒപ്പം കൂട്ടാനായില്ല. ഫ്രഞ്ച് ഓപ്പണില്‍ ലോക മൂന്നാം നമ്പര്‍ താരമായ ആകാനെ യമാഗുച്ചിയെ അട്ടിമറിച്ച അഷ്മിത ചാലിഹയുടെ കോച്ച് റോളില്‍ നിന്നത് സഹതാരമായ ഇഷാറാണി ബറുവയായിരുന്നു. ഡെന്മാര്ക്കിനെതിരെ തന്വി ശര്‍മയ്ക്ക് കോച്ചില്ലാതെയും മത്സരിക്കേണ്ടതായി വന്നു. ഇതാദ്യമായാണ് ഇങ്ങനെയൊരു സാഹചര്യം നേരിടുന്നതെന്ന് ഒളിമ്പിക് മെഡല്‍ ജേതാവായ പി വി സിന്ധു പറഞ്ഞു.
ഏഷ്യന്‍ ഗെയിംസിലെ പ്രകടനമാണ് ഫണ്ട് തടഞ്ഞതിന് കാരണമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഇത് നിഷേധിച്ചു. ടൂര്‍ണമെന്റിന് 30 ദിവസം മുന്‍പ് നല്‍കേണ്ട പ്രപ്പോസല്‍ വൈകി നല്‍കിയതാണ് ഫണ്ട് തടയാന്‍ കാരണമെന്ന് സായ് വ്യക്തമാക്കി. വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍ക്കായി ഫണ്ട് അനുവദിച്ചെങ്കിലും താരങ്ങള്‍ ചിലവഴിച്ച തുക റീ ഇംബേഴ്സ് ചെയ്യാന്‍ സായ് സമ്മതിച്ചിട്ടില്ല.
