ഡൽഹിയിൽ ഇടത് കൊടുങ്കാറ്റ്, കൈ കൊടുത്ത് പാറ്റകൾ; മോദി സർക്കാർ പ്രതിരോധത്തിൽ
ജന്തർ മന്തർ 2.0 സമരത്തിനു ഡൽഹിയിൽ ഇന്ന് തുടക്കമാകും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം. കോക്രോച്ച് ജനതാ പാർട്ടിയുടെയും എസ്.എഫ്.ഐ അടക്കമുള്ള ഇടത് വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിലാണ് സമരം.
ചെവിക്ക് പിടിച്ച് കോടതി
സമരത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാരും പൊലീസും നടത്തുന്ന നിയന്ത്രണങ്ങളെ സുപ്രീം കോടതി ചോദ്യം ചെയ്തു. ഡൽഹിയിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയത് എന്തിനെന്ന് കോടതി ചോദിച്ചു. സമരത്തിനെത്തുന്നവരെ തടയാൻ അടച്ച 57 മെട്രോ സ്റ്റേഷനും ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളും തുറക്കാൻ കോടതി ഉത്തരവിട്ടു. എല്ലാം സ്തംഭിപ്പിക്കാനാകില്ല. സന്പൂർണ അടച്ചിടൽ എന്നാൽ നിയന്ത്രണമല്ലെന്നും നിരോധനത്തിന് തുല്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഹർജി പരിഗണിച്ചാണ് ഇടപെടൽ.
പത്ത് മണിയോടെ ആരംഭിക്കും
സിജെപി പ്രതിഷേധം മുൻനിർത്തി കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സിജെപി നേതാവ് അഭിജീത് ദിപ്കെ മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. പത്തുമണിയോടെ പ്രതിഷേധം ആരംഭിക്കുമെന്നാണ് വിവരം. 23,000 പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
നഗരത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കൊണാട്ട്പ്ലേസിലെ കടകളും ഓഫിസുകളും റസ്റ്ററന്റുകളും ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം. മുൻകരുതൽ നടപടിയുടെ ഭാഗമായി ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷനാണു വ്യാപാരികൾക്ക് നിർദേശം നൽകിയത്.
