1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Protests erupted in thane, maharashtra against Data center projects

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

Amazon Data Center, AI Data Center environment, water scarcity, National News
രാജ്യത്ത് ഡേറ്റാ സെന്ററുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുംബൈയ്ക്കടുത്ത താനെയിലും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുമാണ് പ്രതിഷേധങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. താനെയില്‍ വേക്ക് അപ്പ് താനെക്കര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം. പ്രദേശത്ത് 53.8 ഏക്കറില്‍ 47,000 കോടി മുതല്‍മുടക്കിലാണ് ആമസോണിന്റെ ഡാറ്റ സെന്റര്‍ ഒരുങ്ങുന്നത്.
 
വിശാഖപട്ടണത്ത് ഗൂഗിളിന്റെ പിന്തുണയോടെ അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന എ ഐ ഡാറ്റ സെന്ററിനെതിരെയും പ്രതിഷേധം ശക്തമാണ്. 1.2 ലക്ഷം കോടിയുടെ പദ്ധതിക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 2025 ഒക്ടോബറിലാണ് അനുമതി നല്‍കിയത്. തര്‍ലുവാഡ, അദവിവാരം- മുഡസര്‍ലോവ, റാംബിള്ളി എന്നീ സ്ഥലങ്ങളിലായി 400 ഏക്കറിലാണ് പദ്ധതി വരുന്നത്. വിശാഖപട്ടണത്തും താനെയിലും ജനങ്ങള്‍ ഈ പദ്ധതികളിലൂടെ ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിലാണ് ആശങ്ക അറിയിക്കുന്നത്.
 
 സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും സമീപം ഡേറ്റ സെന്റര്‍ വരുന്നത് രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. ഡേറ്റ സെന്ററുകള്‍ തണുപ്പിക്കാനായി കോടി കണക്കിന് ലിറ്റര്‍ ജലമാണ് പ്രതിദിനം ആവശ്യമായിട്ടുള്ളത്. കൂടാതെ 90 ഡെസിബല്‍ ശബ്ദവും ഡേറ്റ സെന്ററുകളിലെ 80,000 എയര്‍ കണ്ടീഷണറുകള്‍ പുറം തള്ളുന്ന ചൂടും ജീവിതം ദുസ്സഹമാക്കുമെന്ന് ജനങ്ങള്‍ ഭയക്കുന്നുണ്ട്.
 
 താനെയിലെ ഡേറ്റ സെന്റര്‍ വരുന്നത് 8 പ്രധാന റെസിഡെന്‍ഷ്യല്‍ കോമ്പ്‌ലെക്‌സുകള്‍,5 സ്‌കൂളുകള്‍,3 ആശുപത്രികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ്. ഉയര്‍ന്ന വൈദ്യുതി ഉപയോഗം പ്രദേശത്ത് ലോഡ് ഷെഡിങ്ങിനിടയാക്കുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. കടുത്ത ജലദൗര്‍ലഭ്യത്തിനും ഇത് ഇടയാക്കിയെക്കാം. വിദേശനിക്ഷേപങ്ങള്‍ക്ക് എതിരല്ലെന്നും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പദ്ധതി നടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അതേസമയം ഡേറ്റ സെന്ററുകള്‍ തണുപ്പിക്കാന്‍ പ്രാദേശിക കുടിവെള്ള സ്രോതസ്സുകള്‍ ഉപയോഗിക്കില്ലെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി