അഗാർക്കർ പുറത്തേക്ക് തന്നെയെന്ന് റിപ്പോർട്ട്, ചീഫ് സെലക്ടർ സ്ഥാനത്തേക്ക് പാർഥീവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്റ്റര്‍ സ്ഥാനത്ത് നിന്ന് അജിത് അഗാര്‍ക്കര്‍ പുറത്തേക്കെന്ന് സൂചന. അജിത് അഗാര്‍ക്കര്‍ക്ക് പകരക്കാരനായി പരിഗണിക്കുന്നവരുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രഖ്യാന് ഓജയും പാര്‍ഥീവ് പട്ടേലുമാണ് ഈ മത്സരത്തില്‍ മുന്നിലുള്ളതെന്നാണ് സൂചന.
അടുത്ത എകദിന ലോകകപ്പ് വരെയും അഗാര്‍ക്കര്‍ക്ക് സ്ഥാനം നീട്ടിനല്കുമെന്നായിരുന്നു ഇതുവരെയും പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിസിസിഐയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതാകും അഗാര്‍ക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവസാന യോഗം.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താന്‍ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിക്ക് താല്പര്യമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിസിസിഐ ഇതിന് വിപരീതമായി രോഹിത്തിനെ പിന്തുണയ്ക്കുകയായിരുന്നു. ഈ തീരുമാനമാണ് സെലക്ഷന് കമ്മിറ്റിയും ബിസിസിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കുകയും അഗാര്‍ക്കറുടെ പിന്തുണ നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തത്.
