അരങ്ങേറ്റ ഏകദിനത്തിൽ അടിയോടടി, നേടിയത് 150 റൺസ്, ദക്ഷിണാഫ്രിക്കൻ യുവതാരത്തിന് റെക്കോർഡ്
ഓപ്പണറായി ഇറങ്ങിയ താരം 93 പന്തിലാണ് തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി തികച്ചത്.
നമീബിയക്കെതിരായ തന്റെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറിയുമായി കളം നിറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരം ജൊര്‍ദാന്‍ ഹെര്‍മാന്‍. നമീബിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരം 126 പന്തില്‍ നിന്ന് 150 റണ്‍സാണ് നേടിയത്. ഓപ്പണറായി ഇറങ്ങിയ താരം 93 പന്തിലാണ് തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി തികച്ചത്.
126 പന്തില്‍ 17 ഫോറും 3 സിക്‌സറുകളും അടക്കമാണ് 150 റണ്‍സ് താരം നേടിയത്. സെഞ്ചുറി പ്രകടനത്തോടെ ഏകദിന അരങ്ങേറ്റതില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന നേട്ടം ഹെര്‍മാന്‍ സ്വന്തമാക്കി. അരങ്ങേറ്റ മത്സരത്തില്‍ 150 റണ്‍സെടുത്തിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ തന്നെ മാത്യൂ ബ്രീറ്റ്‌സ്‌കെയുടെ റെക്കോര്‍ഡിനൊപ്പമാണ് ഹെര്‍മാനുമെത്തിയത്. ഹെര്‍മാന്റെ സെഞ്ചുറിപ്രകടനത്തിന്റെ മികവില്‍ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 31 ഒവറില്‍ 162 റണ്‍സിന് 8 വിക്കറ്റെന്ന നിലയില്‍ നില്‍ക്കെ മഴ കളി മുടക്കുകയായിരുന്നു. തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരം മത്സരം ദക്ഷിണാഫ്രിക്ക 99 റണ്‍സിനാണ് വിജയിച്ചത്.