ഡിയർ മൈറ്റീസ് നിങ്ങൾക്ക് തന്തവൈബായി, ടീമിൽ 30 വയസിന് കീഴിൽ ഒരൊറ്റ താരമില്ല, അപൂർവ റെക്കോർഡ്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയയുടെ പ്ലെയിങ് ഇലവനില്‍ ഒരൊറ്റ താരത്തിനും 30 വയസിന് താഴെ പ്രായമില്ല. എല്ലാവരും തന്നെ മുപ്പത് വയസായവരോ അതിനും മുകളില്‍ പ്രായമായവരോ ആണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.
38 വയസുള്ള നഥാന്‍ ലിയോനാണ് ടീമിലെ ഏറ്റവും മുതിര്‍ന്ന താരം. 30 വയസുള്ള മാറ്റ് റെന്‍ഷോയാണ് ടീമിലെ പ്രായം കുറഞ്ഞ താരം. സ്റ്റീവ് സ്മിത്ത് (37), മിച്ചല്‍ സ്റ്റാര്‍ക്(36), ജോഷ് ഹെസല്‍വുഡ്(35) എന്നിങ്ങനെ 5 താരങ്ങള്‍ക്ക് 35ലേറെ പ്രായമുണ്ട്. 34.59 ആണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ ശരാശരി പ്രായം. മുന്‍പ് ഓപ്പണിങ്ങില്‍ യുവതാരങ്ങളെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരീക്ഷിക്കാറുണ്ടായിരുന്നു. ഇത്തവണ 34കാരനായ നിക് മഡ്ഡിന്‍സണാണ് ടീമിലെത്തിയത്. ഇതോടെയാണ് അപൂര്‍വനേട്ടം ഓസീസ് സ്വന്തമാക്കിയത്.
ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിനം അവസാനിച്ചപ്പോള്‍ 187 റണ്‍സിന് 6 വിക്കറ്റെന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഓപ്പണര്‍മാരായ നിക് മാഡിന്‍സണും ട്രാവിസ് ഹെഡും നിരാശപ്പെടുത്തിയപ്പോള്‍ 46 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന മാറ്റ് റെന്‍ഷോയാാണ് ഓസീസ് ബാറ്റിങ്ങിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 33 റണ്‍സുമായി പാറ്റ് കമ്മിന്‍സും പുറത്താകാതെ ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നൊര്‍ജെ എന്നിവര്‍ 2 വിക്കറ്റ് വീതം നേടി.
