സർഫറാസ് തുടരും, സായ് സുദർശന് പകരക്കാരൻ, ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്തി. സായ് സുദര്‍ശന് പരിക്കേറ്റതോടെ പകരക്കാരനായാണ് സര്‍ഫറാസിന് വീണ്ടും ടീമില്‍ അവസരം ലഭിച്ചത്. കാലിലെ പരിക്കിനെ തുടര്‍ന്ന് സായ് സുദര്‍ശന്‍ നിലവില്‍ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയും പരിശീലനവും തുടരുകയാണ്. ആദ്യ ടെസ്റ്റിന് മുന്‍പായി താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
അതേസമയം 2024-25 സീസണിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ആദ്യമായാണ് സര്‍ഫറാസ് വീണ്ടും ദേശീയ ടീമില്‍ ഇടം പിടിക്കുന്നത്. ഇന്ത്യയ്ക്കായി 6 ടെസ്റ്റുകളില്‍ നിന്ന് 37.10 ശരാശരിയില്‍ 3 അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പടെ 317 റണ്‍സ് സര്‍ഫറാസ് ഇതിനകം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ കുറച്ച് സീസണുകളിലായി തുടര്‍ച്ചയായി റണ്‍സ് കണ്ടെത്താന്‍ സര്‍ഫറാസിനായിട്ടുണ്ട്. 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 64.73 ശരാശരിയില്‍ റണ്‍സ് അടിച്ചുകൂട്ടിയിട്ടും ദേശീയ ടീമില്‍ മതിയായ അവസരങ്ങള്‍ സര്‍ഫറാസിന് നല്‍കിയിരുന്നില്ല.
സായ് സുദര്‍ശന് പകരക്കാരനായി സര്‍ഫറാസിനെ കൂടാതെ ഷെയ്ഖ് റഷീദിനെയും ബിസിസിഐ പരിഗണിച്ചിരുന്നു. സ്പിന്‍ ബൗളിങ്ങിനെ നേരിടാനുള്ള സര്‍ഫറാസിന്റെ മികവാണ് താരത്തിന് തുണയായത്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്തെ കളിച്ചിട്ടുള്ള പരിചയസമ്പത്തും താരത്തിന് തുണയായി. നേരത്തെ ഫിറ്റ്‌നസിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും ശരീരഭാരം കുറച്ച് അത് പരിഹരിക്കാന്‍ സര്‍ഫറാസിനായിരുന്നു.ALSO READ: സായ് സുദർശനും പരിക്ക്!, ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമോ അതോ ആശുപത്രി വാർഡോ? പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ