മഴക്കാലത്ത് ദിവസവും കുളിക്കേണ്ടതുണ്ടോ?, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
മഴക്കാലത്ത് അന്തരീക്ഷ ഈര്‍പ്പം കൂടുതലായിരിക്കും. ഇത് ശരീരത്തില്‍ വിയര്‍പ്പ് പൂര്‍ണമായി ഉണങ്ങാതെ ചര്‍മത്തില്‍ തങ്ങിനില്‍ക്കാന്‍ കാരണമാകും.
മഴക്കാലമാകുമ്പോളുണ്ടാകുന്ന തണുപ്പും ശീതളിമയുമെല്ലാം പൊതുവെ ഒരു മടി ആളുകളില്‍ ഉണ്ടാക്കാറുണ്ട്. പലരും ഈ സമയങ്ങളില്‍ ദിവസമുള്ള കുളി ചിലര്‍ ഒഴിവാക്കാറുണ്ട്. വിയര്‍ക്കുന്നില്ല, മഴ കാരണം അധികം പുറത്തും പോകുന്നില്ല അങ്ങനെയാണെങ്കില്‍ പിന്നെന്തിന് കുളിക്കണം എന്നതാകും ആളുകളില്‍ പലരും ചിന്തിക്കുന്നത്. എന്നാല്‍ മഴക്കാലത്ത് ശരീരശുചിത്വത്തിന് വേനല്‍ക്കാലത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യമുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
മഴക്കാലത്ത് അന്തരീക്ഷ ഈര്‍പ്പം കൂടുതലായിരിക്കും. ഇത് ശരീരത്തില്‍ വിയര്‍പ്പ് പൂര്‍ണമായി ഉണങ്ങാതെ ചര്‍മത്തില്‍ തങ്ങിനില്‍ക്കാന്‍ കാരണമാകും. വിയര്‍പ്പിനൊപ്പം പൊടി,അഴുക്ക്, ബാക്ടീരിയ, ഫംഗസ് എന്നിവ ചേര്‍ന്ന് ചര്‍മപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ദിവസവും കുളിക്കുമ്പോള്‍ ഇതെല്ലാം തന്നെ നീക്കം ചെയ്യപ്പെടും ചര്‍മം കൂടുതല്‍ വൃത്തിയും ആരോഗ്യവും ഉള്ളതാകും.
കാലുകളില്‍ ഫംഗസ് അണുബാധ, ചൊറിച്ചില്‍,ശരീരത്തിലെ മടക്കുകളിലെ ചുവപ്പ്, കാലുകളിലെ അണുബാധ, അമിതമായ ശരീരദുര്‍ഗന്ധം എന്നിവയ്ക്കുള്ള സാധ്യത മഴക്കാലത്ത് വര്‍ധിക്കുന്നു. ദിവസവും കുളിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. മഴ നനയുന്നത് താരം അടക്കമുള്ള അണുബാധകള്‍ക്ക് കാരണമാകാം. നനഞ്ഞ വസ്ത്രങ്ങള്‍ ദീര്‍ഘനേരം ധരിക്കുന്നത് ഫംഗസ് ബാധയും വര്‍ധിപ്പിക്കും. അതുകൊണ്ട് തന്നെ മഴ നനഞ്ഞുകഴിഞ്ഞാല്‍ കഴിയുന്നത്ര വേഗത്തില്‍ കുളിക്കാനായി ശ്രമിക്കണം.
മഴക്കാലത്ത് സോപ്പ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ശക്തമായ രാസവസ്തുക്കളുള്ള സോപ്പുകള്‍ അമിതമായി ഉപയോഗിക്കുന്നത് ചര്‍മത്തെ വരണ്ടതാക്കും. ദിവസവും തല കഴുകേണ്ട ആവശ്യമില്ല. എന്നാല്‍ മഴ നനഞ്ഞാല്‍ ഷാംപു ഉപയോഗിക്കണം. കുളിച്ച് കഴിഞ്ഞാല്‍ വൃത്തിയുള്ളതും ഉണങ്ങിയതുമായ വസ്ത്രങ്ങള്‍ ധരിക്കണം. ദിവസവും അടിവസ്ത്രങ്ങള്‍ മാറ്റേണ്ടതാണ്.