അതിരാവിലെ വെറുംവയറ്റിൽ ചായയല്ല, ദേ ഇത് കുടിച്ചാൽ മതി
ഇളം ചൂടുവെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം നൽകുന്നു
മലയാളികളുടെ പൊതുവെ ഉള്ള ശീലമാണ് രാവിലെ എഴുന്നേറ്റാൽ വെറും വയറ്റിൽ ഒരു ചായയോ കാപ്പിയോ കുടിക്കുന്നത്. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിനു ഒരു ഗുണവും ചെയ്യുന്നില്ലെന്നാണ് പഠനങ്ങൾ. ബെഡ് കോഫിയേക്കാൾ കേമൻ ബെഡ് ഹോട്ട് വാട്ടർ ആണത്രേ..! അതായത് വെറും വയറ്റിൽ ഒരു ഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണങ്ങൾ ചെയ്യും. അത് എന്തൊക്കെയാണെന്ന് നോക്കാം...
ഇളം ചൂടുവെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം നൽകുന്നു. തണുപ്പ് കാലത്തെ മൂക്കടപ്പ് ഒരു പരിധി വരെ പ്രതിരോധിക്കും. സൈനസ് തലവേദന പ്രതിരോധിക്കാൻ പോലും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ.
ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കും. ഇളം ചൂടുവെള്ളം ശരീരത്തിലെ മലിനമായ കാര്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇതിലൂടെ ദഹനവ്യവസ്ഥ സുഗമമായി നടക്കുന്നു. അതിരാവിലെ ഇളം ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും.
മഴക്കാലത്തും മഞ്ഞുകാലത്തും ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീര താപനിലയെ നിയന്ത്രിക്കുന്നു. ചൂടുവെള്ളത്തിൽ ഉപ്പിട്ട് ഗാർഗിൾ ചെയ്യുന്നത് തൊണ്ട വേദനയിൽ നിന്ന് ആശ്വാസം നൽകും.