'കടിച്ചുതൂങ്ങാൻ ഇല്ല'; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും, പോര് കനക്കുന്നു
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പോർമുഖം തുറന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്ക്. യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ അടൂർ പ്രകാശ് സന്നദ്ധത അറിയിച്ചു. സതീശനെതിരായ പരാതികളിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഉചിതമായ നടപടികൾ സ്വീകരിക്കാത്തതാണ് അടൂർ പ്രകാശിന്റെ അതൃപ്തിക്ക് കാരണം.
യുഡിഎഫ് കൺവീനർ സ്ഥാനത്ത് ഇനിയും കടിച്ചുതൂങ്ങി നിൽക്കാനില്ല. സതീശനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതും ദേശീയ നേതൃത്വത്തോട് പരാതിപ്പെട്ടതും മുന്നണിക്കും ഘടകകക്ഷികൾക്കും വേണ്ടിയാണ്. എന്നാൽ തന്റെ പരാതികളെ ദേശീയ നേതൃത്വം ഗൗരവത്തിൽ എടുത്തില്ല. യുഡിഎഫ് കൺവീനർ എന്ന നിലയിൽ സതീശൻ യാതൊരു പരിഗണനയും നൽകുന്നില്ല. അതിനാൽ കൺവീനർ സ്ഥാനം ഒഴിയുകയാണെന്ന് അടൂർ പ്രകാശ് ദേശീയ നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നു.
വി.ഡി.സതീശനെതിരെ അടൂർ പ്രകാശ് നടത്തിയ വാർത്താസമ്മേളനമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായെന്ന് കൺവീനർ തുറന്നുപറഞ്ഞു. പ്രതീക്ഷ പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും മുന്നണിക്കുള്ളിൽ നടന്നിട്ടില്ല. പവർകട്ടും ഹെലികോപ്റ്റർ യാത്രയും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മുന്നണിക്കുള്ളിൽ യാതൊരു ചർച്ചകളും ഇപ്പോൾ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചു. ബോർഡ് നിയമനങ്ങൾ യുഡിഎഫിൽ ചർച്ച നടന്നിട്ടില്ല. പല കാര്യങ്ങളും യുഡിഎഫ് കൺവീനർ ആയ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. അതൊരു വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇക്കാര്യങ്ങളിലൂടെ പരാതി എഐസിസി നേതൃത്വത്തെ താൻ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
