ചക്കക്കൊമ്പൻ മിഷൻ പരാജയം; റേഡിയോ കോളർ ഘടിപ്പിക്കാനായില്ല
ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം പരാജയം. ആദ്യ മയക്കുവെടി വച്ചെങ്കിലും കാട്ടാന പൂർണമായും മയങ്ങിയില്ല. ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത ചക്കക്കൊമ്പൻ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
ദൗത്യം നാളെയും തുടരും ഇന്ന് പുലർച്ചെ നാലുമണിക്ക് ദൗത്യം ആരംഭിച്ചെങ്കിലും വൈകിട്ട് നാലുമണിയോടെയാണ് ചക്കക്കൊമ്പന് നേരെ ആദ്യ മയക്ക് വെടി വയ്ക്കാനായത്. ചിന്നക്കനാൽ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ച ചക്കക്കൊമ്പന്റെ കാലിലായിരുന്നു മയക്കു വെടി കൊണ്ടത്. എന്നാൽ പുല്ലിൽ തട്ടിയതിനാൽ ആദ്യ ഡോസ് ഏറ്റില്ല. അരമണിക്കൂർ നിരീക്ഷിച്ച ശേഷം ബൂസ്റ്റർ ഡോസിന് ഒരുങ്ങുമ്പോൾ ചക്കക്കൊമ്പൻ പൂർണ്ണ ആരോഗ്യത്തോടെ ദൗത്യ സംഘത്തിന് നേരെ പാഞ്ഞെടുത്തു.
രണ്ടാമത്തെ ഡോസ് മയക്കു വെടി വെച്ചെങ്കിലും ഉന്നം പിഴച്ചതോടെ ചക്കക്കൊമ്പൻ കാടിനുള്ളിലേക്ക് കയറി. ശക്തമായ മഴയും മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയായി മാറിയതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.നാളെ വീണ്ടും ദൗത്യം തുടരുമെന്ന് ചീഫ് കൺസർവേറ്റർ വിനോദ് കുമാർ പറഞ്ഞു. ആന നിലവിൽ വനംവകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. രാത്രിയിലും നിരീക്ഷണം തുടരും.
