199 രൂപയുടെ ഇന്‍സ്റ്റാഗ്രാം സബ്സ്ക്രിപ്ഷന് അവതരിപ്പിച്ചതിന് ഋഷഭ് സിങ്ങിനെതിരെ വിമര്‍ശനം
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മുന്‍ എയ്ഡ്-ഡി-ക്യാമ്പ് (ADC) ആയ മേജര്‍ ഋഷഭ് സിംഗ് സംബ്യാല്‍ അടുത്തിടെ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 12 വര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. രാജ് ഷമാനിയുമായുള്ള ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ ഒരു മകന് എന്ന നിലയില്‍ തനിക്ക് നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നെന്നും അതാണ് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഋഷഭ് പറഞ്ഞു. രാഷ്ട്രപതിയുടെ എഡിസി (ADC) ആയി സേവനമനുഷ്ഠിക്കുമ്പോള്‍ പോലും ഋഷഭിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായിരുന്നു. അദ്ദേഹത്തിന് ധാരാളം ഫോളോവേഴ്സും ഉണ്ട്.
റിഷഭ് ഇപ്പോള്‍ ഒരു ഇന്‍സ്റ്റാഗ്രാം സബ്സ്ക്രിപ്ഷന് സേവനം ആരംഭിച്ചിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് പ്രതിമാസം 199 രൂപ നല്കി റിഷഭ് സിംഗ് സംബ്യാലിന്റെ പേജ് സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ഇതുവരെ ഏകദേശം 1,000 പേര് ഇതില്‍ അംഗങ്ങളായിട്ടുണ്ട്. എന്നാല്‍ ഈ നീക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജാറ്റ് റെജിമെന്റിലും 4 പാരാ സ്പെഷ്യല്‍ ഫോഴ്സിലുമായി 12 വര്‍ഷം സേവനമനുഷ്ഠിച്ച റിഷഭ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ 199 രൂപയുടെ സബ്സ്ക്രിപ്ഷന് സംവിധാനം കൊണ്ടുവന്നതാണ് വിവാദത്തിന് കാരണമായത്.
തന്റെ ഉള്ളടക്കം (content) കാണുന്നതിന് മുന്‍ സൈനിക ഉദ്യോഗസ്ഥന് പണം ഈടാക്കുന്നത് സൈന്യത്തിന് അപമാനകരമാണെന്ന് ചിലര്‍ ആരോപിക്കുന്നു. അതേസമയം വിരമിച്ച ശേഷം പുതിയ തൊഴില്‍ അവസരങ്ങളും വരുമാന മാര്‍ഗ്ഗങ്ങളും തേടുന്നതില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് മറ്റു ചിലര്‍ വാദിക്കുന്നു.