ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതർ: ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി
യെമനിലെ ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ചെങ്കടല്‍ മേഖല കടുത്ത യുദ്ധഭീതിയില്‍. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്തിന് നേരെ സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണത്തെത്തുടര്‍ന്ന് തുറമുഖത്ത് വന്‍ തീപിടുത്തമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഹൂതികളുടെ ആയുധക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൈനിക നടപടി. ഇതിന് പുറമെ സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈല്‍-ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും തകര്‍ത്തതായും സഖ്യസേന വ്യക്തമാക്കി.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലേക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാണ് ഹൊദൈദ. ആക്രമണത്തിന് മുന്നോടിയായി ഈ പ്രദേശം വിട്ടുപോകാന്‍ സഖ്യസേന സാധാരണ ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, ആക്രമണമുണ്ടായെങ്കിലും തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ചരക്കുനീക്കം തടസ്സമില്ലാതെ തുടരുമെന്നും യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി പ്രതികരിച്ചു.
സൗദി സഖ്യസേനയുടെ ആക്രമണത്തിന് തിരിച്ചടിയെന്നോണം തെക്കന്‍ സൗദി അറേബ്യയിലെ ഒരു പവര്‍ സ്റ്റേഷനും തുറമുഖവും ആക്രമിച്ചതായി ഹൂതി വിമതര്‍ അവകാശപ്പെട്ടു. കൂടാതെ, സൗദി അറേബ്യ ലക്ഷ്യമാക്കി എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതികള്‍ ആക്രമണം നടത്തി ഒരു ദിവസത്തിന് ശേഷമാണ് സൗദി സഖ്യസേന പ്രത്യാക്രമണം ശക്തമാക്കിയത്. സൗദി ആക്രമണത്തിനെതിരെ വരും മണിക്കൂറുകളില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹൂതി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സൗദി വിമാനസര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കി. എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ എക്‌സ്പ്രസും റിയാദ്, ദമാം സര്‍വീസുകള്‍ 30 വരെയും ജിദ്ദ സര്‍വീസുകള്‍ 24 വരെയും റദ്ദാക്കി. ഇന്‍ഡിഗോയുടെ എല്ലാ സര്‍വീസുകളും 30 വരെ റദ്ദാക്കിയിട്ടുണ്ട്.
