1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Operation Soundarya: Fake Cosmetics Worth ₹2 Lakh Seized Across Kerala; Influencers Under Scanner

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു; ഇൻഫ്ലുവൻസർമാരെ ചോദ്യം ചെയ്തേക്കും

മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.

Ftune Cream
തിരുവനന്തപുരം: വ്യാജവും അപകടകരവുമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കണ്ടെത്തുന്നതിനായി പോലീസുമായി ചേര്‍ന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ വ്യാപക പരിശോധനയായ 'ഓപ്പറേഷന്‍ സൗന്ദര്യ'യില്‍ ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.
 
തിരുവനന്തപുരത്തെ മണക്കാട്ടുനിന്ന് 'പാക്കിസ്ഥാന്‍ നിര്‍മ്മിതം' എന്ന് രേഖപ്പെടുത്തിയ ഗോറി ഫെയ്സ് ക്രീം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 'പൂനിയ ബ്രദേഴ്സ്, പാക്കിസ്ഥാന്‍' എന്ന് മാത്രം രേഖപ്പെടുത്തിയ പാക്കറ്റുകളില്‍ ചേരുവകളോ മറ്റ് നിയമപരമായ വിവരങ്ങളോ ഉണ്ടായിരുന്നില്ല. കണ്ണൂരില്‍ നിന്ന് കീചെയിന്‍ മാതൃകയിലുള്ള വ്യാജ ലിപ്സ്റ്റിക്കുകളും കണ്ടെടുത്തിട്ടുണ്ട്.
 
മലപ്പുറത്ത് 17 വയസ്സുകാരിയുടെ വൃക്ക തകരാറിലാകാന്‍ കാരണമായ 'എഫ്ട്യൂണ്‍' (F-Tune) ഫെയ്സ് ക്രീമിന്റെ നിര്‍മ്മാതാക്കളെ കണ്ടെത്തുന്നതിനായി മലപ്പുറത്തെ ചില വീടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ, ഈ ക്രീമിനായി സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത ഇന്‍ഫ്‌ലുവന്‍സര്‍മാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രചാരണത്തിന് പണം വാങ്ങിയിട്ടില്ലെന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ വാദം ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല; പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പണം നല്‍കിയവരെയും കണ്ടെത്താനാണ് നീക്കം.
 
വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്ന പല സമൂഹമാധ്യമ അക്കൗണ്ടുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും നിലവില്‍ പൂട്ടിയ നിലയിലാണ്. ഒരു അക്കൗണ്ടില്‍ നിന്ന് ലഭിച്ച ക്യു.ആര്‍ (QR) കോഡ് വഴി പണമടച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും, നിയമതടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ബാങ്ക് ഉടമയുടെ വിവരങ്ങള്‍ കൈമാറിയില്ല. തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ തീരുമാനം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബിജെപി വന്നു, കോർപറേഷൻ നശിച്ചു; വെള്ളക്കെട്ടിന് കാരണം ഡ്രെയിനേജ് വൃത്തിയാക്കാത്തത് !