അനുബന്ധ വാര്ത്തകള്
- വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)
- രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്
- സന്തോഷം ആയില്ലെ, മക്കളെ..സ്കൂളുകൾക്ക് അവധി, ലോകകപ്പ് ഫൈനൽ ഇനി സുഖമായി കാണാം
- നാളെ എന്തും സംഭവിക്കട്ടെ, ഈ സംഘം ഒരു ചരിത്രം എഴുതിചേർത്തു കഴിഞ്ഞു, ആർക്കും അത് മായ്ച്ച് കളയാനാകില്ല: വൈകാരിക കുറിപ്പുമായി മെസ്സി
- മെസിക്ക് ഗോൾഡൻ ബൂട്ട് നഷ്ടം?
Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്
ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി കളംനിറഞ്ഞു കളിച്ച നായകന്റെ കരുത്തിൽ അർജന്റീനയ്ക്ക് 36 വർഷങ്ങൾക്കു ശേഷം വിശ്വകിരീടം
Lionel Messi
Lionel Messi: ലോകകപ്പ് ഫൈനലിനു തൊട്ടുമുൻപ് ലയണൽ മെസി ഇങ്ങനെ കുറിച്ചു, ' നാളെ എന്ത് സംഭവിച്ചാലും ഈ സംഘം ഒരിക്കലും മറക്കാത്ത ചരിത്രം രചിച്ചിട്ടുണ്ട്, ആർക്കും മായ്ച്ചുകളയാനാവാത്ത നേട്ടം.' ഇനിയൊരു ലോകകപ്പ് കളിക്കാൻ മെസിയുണ്ടാകില്ല. നീലയും വെള്ളയും കുപ്പായത്തിൽ ലോകകപ്പ് വേദിയിൽ കാൽപ്പന്തിനായി മെസിയുടെ തിരയിളക്കം ഇനി കാണില്ല. പടിയിറക്കം നിരാശയോടെയാണെങ്കിലും ചരിത്രം രചിച്ചാണ് അയാൾ ലോകകപ്പ് വേദിയോടു യാത്ര പറയുന്നത് ! മെസി തന്നെ പറഞ്ഞത് പോലെ, 'ആർക്കും മായ്ച്ചുകളയാനാവാത്ത ചരിത്രം'
2006 ലാണ് മെസിയുടെ ലോകകപ്പ് കരിയർ ആരംഭിക്കുന്നത്. ആറ് ലോകകപ്പുകളിലായി 34 മത്സരങ്ങൾ, 21 ഗോളുകൾ, 12 അസിസ്റ്റുകൾ. കാൽപ്പന്തിന്റെ വിശ്വവേദിയിൽ ആ ഇടംകാൽ കുതിച്ച സമയം 3,054 മിനിറ്റ്.
2006 ലും 2010 ലും ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ നിലയ്ക്കുന്നു. 2014 ലോകകപ്പിൽ ലയണൽ മെസിയുടെ ഒറ്റയാൾ പോരാട്ടം അവരെ ഫൈനലിൽ എത്തിച്ചു. ജർമനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് അർജന്റീന മടങ്ങുമ്പോൾ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളുമായി മെസി തലകുനിച്ചു നിന്നു. രാജ്യത്തിനായി മൂന്നാം ലോകകപ്പ് നേടിക്കൊടുക്കുകയെന്ന സ്വപ്‌നം പൊലിഞ്ഞപ്പോൾ ആ ഗോൾഡൻ ബോളിന്റെ നിറവും മങ്ങി.
2014 ലോകകപ്പിലെ ഫൈനൽ തോൽവി അടക്കം തുടർച്ചയായ മൂന്ന് ഫൈനൽ തോൽവികൾ മെസിയെ മാനസികമായി തകർക്കുന്നു. 2016 ൽ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിനു പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം. അതേ മെറ്റ്‌ലൈഫ് സ്റ്റേഡിയമാണ് മെസിയുടെ അവസാന ലോകകപ്പിനും വേദിയായത്. ഒരിക്കൽ കൂടി മെറ്റ്‌ലൈഫ് ഗ്രൗണ്ടിൽ നിരാശയോടെ ഇരിക്കാനായിരുന്നു മെസിയുടെ വിധി.
2022 ലോകകപ്പിൽ മെസി ചരിത്രം രചിക്കുന്നു. ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി കളംനിറഞ്ഞു കളിച്ച നായകന്റെ കരുത്തിൽ അർജന്റീനയ്ക്ക് 36 വർഷങ്ങൾക്കു ശേഷം വിശ്വകിരീടം. ഗോൾഡൻ ബോളുമായി മെസി ലോകകപ്പിന്റെ താരമായി.
ഈ ലോകകപ്പിൽ അർജന്റീന ഫൈനലിൽ എത്തുന്നതും മെസിയുടെ തണലിലാണ്. എട്ട് ഗോളുകളും നാല് അസിസ്റ്റുമായി അവസാന ആട്ടവും ആടിതിമിർത്തു ലയണൽ ആന്ദ്രേസ് മെസി. ലോകകപ്പിലെ മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സിൽവർ ബോളുമായി ലോകകപ്പ് വേദിയിൽ നിന്ന് മെസിക്ക് പടിയിറക്കം. ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്കു സാക്ഷാത്കാരമേകിയ മനുഷ്യന്റെ ലോകകപ്പ് യാത്ര ഇതാ ഇവിടെ അവസാനിക്കുന്നു...! നന്ദി മെസി...!