ടൊവിനോയുടെ അമ്മ റോളോ?, അത്ര കഷ്ടപാടൊന്നുമില്ല, അങ്ങനെയൊരു ഓഫർ വന്നാൽ അപ്പോൾ തന്നെ നിരസിക്കും : സ്വാസിക
മലയാളം സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണെങ്കിലും മലയാളത്തിനേക്കാള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായി തിളങ്ങിനില്‍ക്കുന്ന താരമാണ് സ്വാസിക. സ്ഥിരം നായിക സങ്കല്പത്തില്‍ നിന്ന് മാറി സ്വഭാവവേഷങ്ങളിലും സ്വാസിക തിളങ്ങാറുണ്ട്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ തെലുങ്ക് സിനിമയായ ആകാശം ലോ ഒക താര എന്ന സിനിമയില്‍ ദുല്‍ഖറിന്റെ ചേച്ചിയുടെ റോളിലാണ് സ്വാസികയെത്തിയത്.
ചിത്രത്തിന്റെ പ്രമോഷന്‍ ഇവന്റില്‍ സംസാരിക്കവെ സ്വാസികയ്ക്ക് തന്നേക്കാള്‍ പ്രായം കുറവാണെങ്കിലും തന്റെ ചേച്ചിയായി സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതില്‍ നന്ദിയുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. സ്വാസികയുടേത് സ്വാഭാവിക അഭിനയമാണെന്നും ഷൂട്ടിനിടയില്‍ ശരിക്കും അനിയനായി തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയെറ്ററുടെ ചോദ്യത്തിന് സ്വാസിക നല്‍കിയ മറുപടിയാണ് ചര്‍ച്ചയായിരിക്കുന്നത്. ടൊവിനൊ തോമസ് അവതരിപ്പിക്കുന്ന സിനിമയില്‍ താരത്തിന്റെ അമ്മ വേഷമാണ് ലഭിക്കുന്നതെങ്കില്‍ ചെയ്യുമോ എന്നായിരുന്നു ചോദ്യം. ഇതിനുത്തരമാണ് സ്വാസിക നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ടൊവിനൊ യൂത്തല്ലല്ലോ, എന്നെക്കാള്‍ മൂത്തയാളാണ് ടൊവിനോ. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ ചെയ്തതാണ്. ഞങ്ങള്‍ക്ക് ഏകദേശം ഒരേപ്രായമാണ്. അതുകൊണ്ട് ടൊവിനോയുടെ അമ്മയായി ചെയ്യേണ്ട പ്രശ്‌നമൊന്നും എനിക്കില്ല. അങ്ങനെയൊരു ഓഫര്‍ വന്നാല്‍ അപ്പോള്‍ തന്നെ നിരസിക്കും. സ്വാസിക പറഞ്ഞു.
