അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്, സ്റ്റേഷനിലെത്തി പത്രവായന, കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പരിഹാസം
പോലീസിന്റെ പിടിയിലായിട്ടും സര്‍ക്കാരിനെതിരായ പരിഹാസം തുടര്‍ന്ന് അര്‍ജുന്‍ ആയങ്കി. കടലില്‍ കാണാതെയായവരെ കിട്ടിയോ എന്ന ചോദ്യമാണ് അര്‍ജുന്‍ ആയങ്കി ചോദിച്ചത്. വൈദ്യപരിശോധനയ്ക്ക്വിധേയമാക്കി തിരികെകൊണ്ടുവരുമ്പോഴായിരുന്നു വിമര്‍ശനം. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എറണാകുളത്തേക്ക് കൊണ്ടുവരുമെന്നാണ് വിവരം.
ഞായറാഴ്ച പുലര്‍ച്ചെയാണ് അര്‍ജുനെ കണ്ണൂര്‍ തളിപ്പറമ്പിലെ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്ന് പിടികൂടിയത്. അഭിഭാഷകയെ കാണാനെത്തിയത് ഓട്ടോയിലായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഈ സംശയം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി സാഹസികമായ രീതിയില്‍ അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. ഇന്നലെയാണ് അര്‍ജുന്‍ കണ്ണൂര്‍ ടൗണിലെത്തിയതെന്നാണ് വിവരം. സ്റ്റേഷനിലെത്തിയ അര്‍ജുന്‍ വളരെ ശാന്തനായി പത്രം വായിക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തിനകത്തും പുറത്തും അര്‍ജുന്‍ ആയങ്കിയ്ക്കായി വ്യാപകമായ അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ അര്‍ജുന്‍ പ്രകോപനം തുടരുകയും ചെയ്തിരുന്നു. വാഹനങ്ങള്‍ മാറിമാറി ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അര്‍ജുന്‍ ആയങ്കി ഈ ദിവസങ്ങളില്‍ യാത്ര ചെയ്തത്. കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കി തൃശൂരില്‍ ഉണ്ടായിരുന്നുവെന്ന സൂചന ലഭിച്ചിരുന്നെങ്കിലും അര്‍ജുനെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല.