കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകള്‍: പിപി ദിവ്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.പി. ദിവ്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ടെന്‍ഡര്‍ ക്ഷണിക്കാതെ 'കാര്‍ട്ടണ്‍ ഇന്ത്യ' എന്ന സ്ഥാപനത്തിന് നിര്‍മ്മാണ കരാര്‍ നല്‍കി എന്നതാണ് ആരോപണങ്ങളിലൊന്ന്.
കെ.എസ്.യു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണം നടക്കും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ദിവ്യയ്ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറേറ്റ് അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു.
