'മുഖ്യമന്ത്രി പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു'; കോൺഗ്രസിനുള്ളിൽ അതൃപ്തി, പിടിമുറുക്കി വേണുഗോപാൽ ഗ്രൂപ്പ്
KC Venugopal and VD Satheesan
പാർട്ടിക്കുള്ളിൽ പിടിമുറുക്കാൻ കെ.സി.വേണുഗോപാൽ ഗ്രൂപ്പ്. മുഖ്യമന്ത്രി വി.ഡി.സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയിൽ അടക്കം കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുകയാണ്. വിഷയം പക്വമായ രീതിയിൽ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നാണ് വിമർശനം.
പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു
കോൺഗ്രസിനെ മുഖ്യമന്ത്രി പ്രതിരോധത്തിലാക്കുകയാണെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. സ്വകാര്യ ആവശ്യത്തിനു ഹെലികോപ്റ്റർ ഉപയോഗിച്ചത് മുതൽ ഇപ്പോഴത്തെ വിവാദ വിമാനയാത്ര വരെ കൈകാര്യം ചെയ്തതിൽ മുഖ്യമന്ത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. പാർട്ടിയെ ഗൗനിക്കാതെയാണ് സതീശൻ പല തീരുമാനങ്ങളും എടുക്കുന്നതെന്നും വിമർശനമുണ്ട്. വന്ദേമാതരം പൂർണമായി ആലപിച്ചത്, ലേബർ കോഡ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം, സർവകലാശാലകളിലെ കാവിവത്കരണം തുടങ്ങിയ വിഷയങ്ങളിലും സതീശനെതിരെ എതിർപ്പ് ശക്തമാണ്.
ഹൈക്കമാൻഡിനെ അതൃപ്തി അറിയിക്കും
സതീശനെതിരായ വികാരം മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും. സതീശന് മേൽ കടിഞ്ഞാൽ വേണമെന്നാകും മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുക. സർക്കാരുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ പാർട്ടിക്കുള്ളിലും ചർച്ച വേണം. മന്ത്രിമാരെ കയറൂരി വിടരുതെന്നും മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും.
ഭരണപ്രതിസന്ധി
സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാരിന് സാധിക്കാത്തത് ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇത്രയും പ്രതിസന്ധി നിലനിൽക്കുമ്പോൾ തന്നെ മന്ത്രിമാർ വിദേശയാത്ര നടത്തുന്നത് ശരിയായ തീരുമാനമല്ല. ഹണിമൂൺ പിരിയഡ് ആഘോഷിക്കുകയെന്ന പല മന്ത്രിമാരുടെയും സമീപനം ജനവിരുദ്ധമെന്നും അഭിപ്രായമുണ്ട്.
കെ.സി പക്ഷം പിടിമുറുക്കുന്നു
വി.ഡി.സതീശനെതിരെ കോൺഗ്രസിനുള്ളിൽ കെ.സി.വേണുഗോപാൽ പക്ഷം പിടിമുറുക്കുകയാണ്. സർക്കാരിനെതിരായ വികാരം പാർട്ടിക്കുള്ളിൽ ഉള്ളത് മുതലെടുക്കുകയാണ് കെ.സി ഗ്രൂപ്പിന്റെ ലക്ഷ്യം. ഹൈക്കമാൻഡിനുള്ളിലും സതീശനെതിരെ വിമർശനം ശക്തമാണ്. കേരളത്തിലെ പ്രതിസന്ധി ഹൈക്കമാൻഡിനെ അറിയിക്കുന്നത് ജനറൽ സെക്രട്ടറി കൂടിയായ വേണുഗോപാലാണ്. Also Read: നുണയൻ ഷാജി ! ആ ചിത്രം ഒറിജിനൽ, കാസർഗോഡ് ഉപയോഗിച്ചത് സ്വകാര്യ വ്യക്തിയുടെ വാഹനം
