വേണുഗോപാൽ ശക്തനാകുന്നു, സതീശൻ അങ്കലാപ്പിൽ; കോൺഗ്രസിൽ യുദ്ധമോ?
മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ ആഭ്യന്തരയുദ്ധം തീവ്രമാകുന്നു. കെ.സി.വേണുഗോപാലാണ് സതീശനെതിരായ പട നയിക്കുന്നത്. എ, ഐ ഗ്രൂപ്പുകൾ വേണുഗോപാലിനൊപ്പം ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. മുതിർന്ന നേതാക്കളടക്കം എതിർ ചേരിയിലാകുമ്പോൾ മുഖ്യമന്ത്രി കസേരയിലിരുന്ന് സമാധാനത്തോടെ ഭരിക്കാൻ സതീശൻ പാടുപെടും.
നീക്കങ്ങൾ ഡൽഹി കേന്ദ്രീകരിച്ച്
വി.ഡി.സതീശനെതിരായ നീക്കങ്ങൾ ഡൽഹി കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വിശാല എ ഗ്രൂപ്പ് സതീശനെതിരെ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ബെന്നി ബെഹനാൻ, എം.എം.ഹസൻ, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കൾ സതീശനെതിരെ പോര് പരസ്യമാക്കുകയാണ്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് വിശാല എ ഗ്രൂപ്പിന്റെ നീക്കങ്ങൾ.
സതീശനെതിരെ മന്ത്രിമാരും കൺവീനറും
വി.ഡി.സതീശനെ മന്ത്രിസഭയിലും ഒറ്റപ്പെടുത്താൻ നീക്കങ്ങൾ നടന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, റവന്യു മന്ത്രി എ.പി.അനിൽകുമാർ, എക്സൈസ് മന്ത്രി എം.ലിജു എന്നിവർക്കാണ് സതീശന്റെ ഒറ്റയാൾ ഭരണത്തിൽ കടുത്ത അതൃപ്തിയുള്ളത്. തങ്ങളുടെ വകുപ്പുകളിൽ മുഖ്യമന്ത്രി അമിതമായി കൈകടത്തുന്നതായി മൂവർക്കും പരാതിയുണ്ട്.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശും സതീശനെതിരായ പോർമുഖം തുറന്നിട്ട് നാളുകൾ കുറച്ചായി. അപമാനിതനായി ഇനിയും കൺവീനർ സ്ഥാനത്ത് തുടരാനില്ലെന്ന് അടൂർ പ്രകാശ് നിലപാടെടുത്തിരുന്നു. എന്നാൽ അടൂർ പ്രകാശ് ഒഴിഞ്ഞാൽ കൺവീനർ സ്ഥാനത്തേക്ക് സതീശൻ അനുകൂലിയെ കൊണ്ടുവരാൻ നീക്കം നടക്കും. ഇത് ഒഴിവാക്കാനായി കെ.സി.വേണുഗോപാൽ അടൂർ പ്രകാശിനോട് തൽക്കാലം ഒഴിയേണ്ടതില്ലെന്ന നിർദേശം നൽകിയിട്ടുണ്ട്.
മുന്നണിയിലും അടിപൊട്ടുന്നു
സതീശൻ മുസ്ലിം ലീഗിന് അമിത പ്രാധാന്യം നൽകുന്നതായി യുഡിഎഫിലെ മറ്റു ഘടകകക്ഷികൾക്ക് വിമർശനമുണ്ട്. മന്ത്രിസഭാ യോഗത്തിൽ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ ബോർഡ്, കോർപറേഷൻ വിഭജനം വൈകുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിങ്കളാഴ്ച ആർഎസ്പി സംസ്ഥാന കമ്മിറ്റിയും വിഭജനം വൈകുന്നതിൽ പ്രതിഷേധിച്ചു. ആർഎസ്പി നേതാവ് എ എ അസീസിന് കാബിനറ്റ് റാങ്കോടെ പദവി നൽകണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. Also Read: സിറാജ് അടുത്ത സുഹൃത്ത്, ഒഴിവാക്കാനുള്ള തീരുമാനം പ്രയാസകരമായിരുന്നു, മത്സരത്തിന് മുൻപ് എല്ലാം സംസാരിച്ചു : ശുഭ്മാൻ ഗിൽ
