പാലത്തായി പോക്സോ കേസിൽ ബിജെപി നേതാവിന്റെ ജാമ്യം; യുഡിഎഫ് സർക്കാരിന് വിമർശനം
യുഡിഎഫ് - ആർഎസ്എസ് അന്തർധാര സജീവമെന്നാണ് സിപിഎം വിമർശനം
കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബിജെപി നേതാവുമായ പത്മരാജന് ജാമ്യം ലഭിച്ചതിൽ യുഡിഎഫ് സർക്കാരിന് വിമർശനം. യുഡിഎഫ് സർക്കാർ നിയോഗിച്ച പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചകളാണ് പോക്സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് കോടതിയുടെ വിധിയിൽ നിന്ന് വ്യക്തമാകുന്നത്.
യുഡിഎഫ് - ആർഎസ്എസ് ഒത്തുകളി
യുഡിഎഫ് - ആർഎസ്എസ് അന്തർധാര സജീവമെന്നാണ് സിപിഎം വിമർശനം. നാലാം ക്ലാസികാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഗൗരവമില്ലാതെയാണ് പ്രോസിക്യൂഷൻ ഇപ്പോൾ ഇടപെട്ടതെന്നാണ് വിമർശനം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാം മാസമാണ് പത്മരാജന് അനുകൂലമായ വിധി കോടതിയിൽ നിന്നുണ്ടാകുന്നത്.
ഗൗരവമായി കാണാതെ പ്രോസിക്യൂഷൻ
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി പത്മരാജന് അനുകൂലമായ വിധി പറഞ്ഞത്. പ്രോസിക്യൂഷൻ സർക്കാരുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. എന്നാൽ ഇത്രയും ഗുരുതരമായ കേസിൽ പ്രോസിക്യൂഷനും സർക്കാരും ലാഘവബുദ്ധി കാണിക്കുകയായിരുന്നു. സതീശൻ സർക്കാർ തുറന്നിട്ടുകൊടുത്ത പഴുതുകളിലൂടെയാണ് പത്മരാജൻ പുറത്തിറങ്ങുന്നത്. പ്രോസിക്യൂഷൻ ഈ വിഷയത്തെ അത്ര ഗൗരവമായി എടുത്തിട്ടില്ലെന്നും അതിനാലാണ് ജാമ്യം ലഭിച്ചതെന്നുമാണ് വിമർശനം.