സിന്ദാബാദ് വിളിച്ചവരെ മറക്കരുത്; ഗ്രൂപ്പ് പോരിൽ ചെന്നിത്തല, സതീശനുമായും വേണുഗോപാലുമായും 'പ്രശ്‌നമുണ്ട്'
തനിക്ക് കെ.സി.വേണുഗോപാലും വി.ഡി.സതീശനും ആയി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞ് രമേശ് ചെന്നിത്തല. എന്നാൽ ഗ്രൂപ്പ് രാഷ്ട്രീയം വേണ്ടെന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നതെന്നും തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ വേണ്ടി സിന്ദാബാദ് വിളിച്ച അണികളെ നേതാക്കൾ മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പ് പോര് അതിരൂക്ഷമായിരിക്കെയാണ് ചെന്നിത്തലയുടെ പ്രതികരണം.
' എനിക്ക് വി.ഡി.സതീശനുമായും കെ.സി.വേണുഗോപാലുമായും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ അതെല്ലാം പാർട്ടി നേതൃത്വത്തിനു മുന്നിൽ പറയുന്നതാണ് എന്റെ ശൈലി. ഗ്രൂപ്പുകൾ വേണ്ടാ എന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നത്. ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെല്ലാം അതോർക്കണം. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. ജയിപ്പിക്കാൻ വേണ്ടി സിന്ദാബാദ് വിളിച്ച പ്രവർത്തകരെ ആരും മറക്കരുത്,' ചെന്നിത്തല പറഞ്ഞു.
അതേസമയം കോൺഗ്രസിൽ വേണുഗോപാലും സതീശനും തമ്മിലുള്ള അധികാര വടംവലി തുടരുകയാണ്. സതീശനെതിരെ ഷാഫി പറമ്പിലിനെ കളത്തിലിറക്കിയാണ് വേണുഗോപാലിന്റെ കളി. മറുവശത്ത് രാജ്‌മോഹൻ ഉണ്ണിത്താനാണ് സതീശന്റെ തുറുപ്പുചീട്ട്. ഷാഫിക്കെതിരെ ഉണ്ണിത്താൻ പരസ്യമായി നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ കുറിച്ച് ചെന്നിത്തലയുടെ പ്രതികരണം. Also Read: ലക്ഷ്യം ആറാം കിരീടവും യാത്രയയപ്പും; മുംബൈ ഇന്ത്യൻസിനെ രോഹിത് നയിക്കും
