മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗം; എസ്.എഫ്.ഐ പരാതി നൽകി
കണ്ണൂരിൽ നടന്ന 'ജെൻ ഇന്ത്യ മൂവ്മെന്റ്' (Gen India Movement) പദയാത്രാ സമാപന സമ്മേളനത്തിൽ കലാപത്തിനും അക്രമത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന് ആരോപിച്ച് വി.ഡി. സതീശനെതിരെ പോലീസിൽ പരാതി. എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറിയും ചാത്തന്നൂർ ചിറക്കരത്താഴം സ്വദേശിയുമായ വിഷ്ണുവാണ് കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
കഴിഞ്ഞ നവംബർ 20-ന് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്രാ സമാപന സമ്മേളനത്തിലാണ് വിവാദമായ പ്രസംഗം നടന്നതെന്ന് പരാതിയിൽ പറയുന്നു. 'നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും, ഒന്നും മറക്കില്ല, മറക്കാൻ പറ്റില്ല, എണ്ണി എണ്ണി ചോദിക്കും' തുടങ്ങിയ പ്രസ്താവനകൾ പൊതുസമൂഹത്തിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതാണെന്നും, പൊതുജനങ്ങളിൽ ഭീതിയും വിദ്വേഷവും സംഘർഷാവസ്ഥയും സൃഷ്ടിച്ച് പൊതുസമാധാനം തകർക്കാൻ ഇടയാക്കുന്നതാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
നവംബർ 21-ന് റിപ്പോർട്ടർ വാർത്താ ചാനലിന്റെ യൂട്യൂബ് പേജിൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് പ്രസംഗം ശ്രദ്ധയിൽപ്പെട്ടതെന്നും വീഡിയോയുടെ ലിങ്ക് സഹിതം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസംഗത്തിലെ പരാമർശങ്ങൾ ഭാരതീയ ന്യായ സംഹിതയിലെ (BNS) 192, 196(1), 353(1) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രസ്തുത വീഡിയോയുടെ പൂർണ്ണരൂപവും യഥാർത്ഥ സാഹചര്യവും പരിശോധിച്ച് ചാനലിൽ നിന്നും ആവശ്യമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കണമെന്നും, പൊതുസമാധാനം സംരക്ഷിക്കുന്നതിനായി എതിർകക്ഷിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
