ഇന്ത്യ വോട്ടർ പട്ടികയിൽ നിന്ന് ന്യൂനപക്ഷത്തെ ഒഴിവാക്കുന്നുവെന്ന് യുഎസ് സമിതി, സൂക്ഷിക്കേണ്ട രാജ്യമെന്ന് ആരോപണം
ഇന്ത്യയില്‍ വോട്ടര്‍പട്ടിക പരിഷ്കരണം നടത്തി മുസ്ലീം ന്യൂനപക്ഷത്തെ വന്‍തോതില്‍ ഒഴിവാക്കുകയാണെന്ന് യുഎസ് സമിതിയുടെ ആരോപണം. മതസ്വാതന്ത്ര്യത്തെ പറ്റി പഠനം നടത്തുന്ന യുഎസ് സമിതിയാണ്( യുഎസ് റിലീജിയസ് ഫ്രീഡം പാനല്‍) ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. മുസ്ലീങ്ങളെ വിദേശികളെന്ന് മുദ്രകുത്തുകയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കി നാട് കടത്തുകയുമാണ് ഇന്ത്യ ചെയ്യുന്നതെന്ന് സമിതിയുടെ അധ്യക്ഷന്‍ ആസിഫ് മഹ്മൂദ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായത് 13 കോടി ആളുകളാണ്. ഇത് മെക്സികോയിലെ ജനസംഖ്യയ്ക്ക് തുല്യമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിവാക്കലാണിത്. ഹിന്ദു ദേശീയത മുന്നോട്ട് വെയ്ക്കുന്ന ബിജെപിയുടെ നേതാവായ നരേന്ദ്രമോദി 2014ല്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇത് സംഭവിച്ചതെന്ന് പൗരാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നതായും സമിതി വ്യക്തമാക്കി. സ്വന്തം പൗരന്മാരെ മുസ്ലീങ്ങളാണെന്നതിന്റെ പേരില്‍ ലക്ഷ്യം വെയ്ക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇന്ത്യയെ പ്രത്യേകം സൂക്ഷിക്കേണ്ട രാജ്യമായി കാണണമെന്നും സമിതിയുടെ അംഗമായ ജെനി മില്‍സ് പറഞ്ഞു.
അതേസമയം സമിതിയുടെ നിരീക്ഷണങ്ങളെ ഇന്ത്യ തള്ളി. സമിതിക്ക് രാഷ്ട്രീയ അജന്‍ഡയുള്ളതായി വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് തുല്യമാണ് ഈ വിമര്‍ശനങ്ങളെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
