ഇന്ന് രാത്രി യാത്ര ഒഴിവാക്കാം; ന്യൂനമർദത്തിനൊപ്പം ചക്രവാതചുഴിയും
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ രാത്രിയാത്രകൾ ഉപേക്ഷിക്കുക
Kerala Weather
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ രാത്രിയാത്രകൾ ഉപേക്ഷിക്കുക. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിത്താമസിക്കുക. അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി ഗംഗംഗാതീര പശ്ചിമ ബംഗാളിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ നേരിയതോ/മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര /അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.